സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസിന്റെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കുന്ന അന്തിമലിസ്റ്റ് കുറ്റമറ്റതാക്കുന്നതിന്, ലിസ്റ്റിന്മേല് ആക്ഷേപങ്ങള്‍ സ്വീകരിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 30 വരെ നീട്ടിയതായി ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് നിയമസഭയില്‍ പറഞ്ഞു. കെ.കുഞ്ഞമ്മദ് മാസ്റ്റര്‍ എം.എല്‍.എ.യുടെ സബ്മിഷനു മറുപടിയായിട്ടാണ് സഭയില്‍ മന്ത്രി ഇക്കാര്യം പറഞ്ഞത്. മുമ്പ് രണ്ടു തവണ തീയതി നീട്ടിയിരുന്നു. കുറ്റമറ്റരിതിയില്‍ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള തടസങ്ങള്‍ എന്തെല്ലാമെന്ന് പരിശോധിക്കാന്‍ ഗ്രാമപഞ്ചായത്ത് അസോസിയേഷന് പ്രതിനിധികളുടേയും ജില്ലയിലെ ചുമതലക്കാരായ ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍മാരുടേയും യോഗം വിളിച്ച് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറി ഡോ.രാജന് ഖൊബ്രഗഡെയെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. മെയ് 19ന് പ്രസിദ്ധീകരിച്ച കരട് ലിസ്റ്റില്‍ മതം, ജാതി, സംബന്ധിച്ച വിവരങ്ങള്‍ ഒഴിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാനുള്ള നിശ്ചിത ഫോറം സൗജന്യമായി ലഭിക്കും. അപേക്ഷകള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, മുനിസിപ്പല്‍, കോര്പ്പറേഷന് എന്നിവിടങ്ങളിലെ വാര്‍ഡുതല ഉദ്യോഗസ്ഥനുനല്‍കി രശീത് വാങ്ങേണ്ടതാണ്. ഒരു കുടുംബത്തെ സംബന്ധിച്ച പരാതി ആ കുടുംബത്തിലെ വ്യക്തിതന്നെ നല്‍കണം. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട നിര്‍ദ്ധന കുടുംബങ്ങളില്‍ നിന്നും പരാതികള്‍ യഥാസമയം ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ലിസ്റ്റില്‍ വേണ്ട ക്രമീകരണങ്ങള്‍ വരുത്തുവാന്‍ ഗ്രാമപഞ്ചായത്തു മെമ്പറുടെ നേതൃത്വത്തില്‍ വെറ്റിംഗ് കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വരുമാനം സംബന്ധിച്ച വിവരം ഹിയറിംഗ് നടത്തുന്ന ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്തി കുടുംബനാഥന്റെ സത്യപ്രസ്താവനയുടെ അടിസ്ഥാനത്തില്‍ വേണ്ടുന്ന തിരുത്തല്‍ നടത്താന്‍ നിര്‍ദ്ദേശം നല്കിയിട്ടുള്ളതായും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
No comments:
Post a Comment