Thursday, May 2, 2013

വരുമാന സര്‍ട്ടിഫിക്കറ്റ് : സാധുതാ കാലയളവ് പുനര്‍ നിശ്ചയിച്ചു

വില്ലേജ്/താലൂക്ക് ഓഫീസുകളില്‍ നിന്നും നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റിന്റെ സാധുതാകാലയളവ് പുനര്‍നിശ്ചയിച്ചും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുന:ക്രമീകരിച്ചും ഉത്തരവായി. പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള നടപടിക്രമം ലഘൂകരിക്കുന്നതിനുമായി വില്ലേജ്/താലൂക്ക് ഓഫീസുകളില്‍ നിന്നും നല്‍കി വരുന്ന വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ഇനിപ്പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായി ഒരു വര്‍ഷമായി നിജപ്പെടുത്തി. ഈ കാലയളവില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വെവ്വേറെ വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ ആവശ്യമില്ല. വരുമാന സര്‍ട്ടിഫിക്കറ്റിനുവേണ്ടിയുള്ള അപേക്ഷ നിശ്ചിത ഫോര്‍മാറ്റില്‍ അഞ്ച് രൂപ കോര്‍ട്ട് ഫീ സ്റാമ്പൊട്ടിച്ച് സമര്‍പ്പിക്കണം. നിശ്ചിത ഫോര്‍മാറ്റില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കണം. സര്‍ട്ടിഫിക്കറ്റിന് അനുവദിക്കുന്ന തീയതി മുതല്‍ ഒരു വര്‍ഷം സാധുതാ കാലയളവ് ഉണ്ടായിരിക്കും. ഇത് വരുമാന സര്‍ട്ടിഫിക്കറ്റില്‍ തന്നെ വ്യക്തമാക്കണം. ഒരു വര്‍ഷ സാധുതാകാലയളവില്‍ പൊതുവായി എല്ലാ ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കാവുന്നതാകയാല്‍ ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ ഇതിന്റെ ഉദ്ദേശ്യം പ്രത്യേകമായി രേഖപ്പെടുത്തേണ്ടതില്ല. ഏതെങ്കിലും ഒരു പ്രത്യേക കോഴ്സിന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന് ആ കോഴ്സിന്റെ കാലാവധി വരെ പ്രാബല്യമുണ്ടായിരിക്കും. അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ സൂക്ഷിക്കേണ്ടതും വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കേണ്ടതുമാണ്. സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍/സഹകരണ സംഘങ്ങള്‍ തുടങ്ങിയവ തടസമുന്നയിക്കാതെ സ്വീകരിക്കേണ്ടതും ആവശ്യമെങ്കില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഒത്തുനോക്കേണ്ടതുമാണ്

No comments: