Sunday, August 19, 2012

ഗ്രാമസഭ വിളിക്കാത്ത 39 അംഗങ്ങള്‍ക്ക് അയോഗ്യത

 പഞ്ചായത്ത് രാജ് നിയമത്തില്‍ അനുശാസിച്ച സമയപരിധിയ്ക്കുളളില്‍ ഗ്രാമസഭ വിളിക്കുന്നതില്‍ വീഴ്ച വരുത്തിയ തൃശ്ശൂര്‍ വരന്തരപ്പിളളി, കോഴിക്കോട് കുരുവട്ടൂര്‍ പഞ്ചായത്തുകളിലെ 39 അംഗങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ.ശശിധരന്‍ നായര്‍ അയോഗ്യരായി. യഥാസമയം ഗ്രാമസഭ വിളിച്ചില്ലെന്ന് കാണിച്ച് രണ്ടു പഞ്ചായത്തുകളിലെയും വോട്ടര്‍മാര്‍ നല്‍കിയ ഒരു കൂട്ടം ഹര്‍ജിയിലാണ് കമ്മീഷണറുടെ ഉത്തരവ്. കുരുവട്ടൂരിലെ 18 അംഗങ്ങളെ അയോഗ്യരാക്കിയപ്പോള്‍ വരന്തരപ്പിളളിയില്‍ 22 ല്‍ 21 പേര്‍ക്കാണ് അയോഗ്യത. കേരള പഞ്ചായത്ത് രാജ് നിയമം 3(3) വകുപ്പ് പ്രകാരം ഒരംഗം താന്‍ കണ്‍വീനറായ ഗ്രാമസഭയുടെ യോഗം മൂന്നു മാസത്തിലൊരിക്കല്‍ വിളിച്ചുചേര്‍ക്കണം. തുടര്‍ച്ചയായി രണ്ടു യോഗം വിളിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അയാള്‍ അയോഗ്യനാകും. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരംഗം തിരഞ്ഞെടുക്കപ്പെട്ട വാര്‍ഡിലെ വോട്ടര്‍ക്കോ മറ്റൊരംഗത്തിനോ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഹര്‍ജിനല്‍കാം. ഈ വ്യവസ്ഥ പ്രകാരമാണ് അംഗങ്ങള്‍ക്കെതിരെ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. കുരുവട്ടൂരില്‍ 2010 ഡിസംബറിലും, വരന്തരപ്പിളളിയില്‍ 2011 ജനുവലിയിലും നടന്ന ഗ്രാമസഭകള്‍ക്കുശേഷം തുടര്‍ച്ചയായി ഏഴുമാസത്തോളം ഗ്രാമസഭ ചേര്‍ന്നില്ല. പ്രസിഡന്റുമായി കൂടിയാലോചിച്ച് സ്ഥലവും തീയതിയും സമയവും നിശ്ചയിച്ച് ഗ്രാമസഭ വിളിക്കേണ്ട ചുമതല അംഗങ്ങള്‍ക്കാണ്. ജില്ലാ ആസൂത്രണസമിതി പദ്ധതിരേഖ അംഗീകരിച്ച ശേഷം മാത്രം ഗ്രാമസഭ വിളിച്ചാല്‍ മതിയെന്ന് വരന്തരപപിളളി പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുകയായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് വന്നതിനാലാണ് ഗ്രാമസഭ വിളിക്കാതിരുന്നതെന്ന് കുരുവട്ടൂരിലെ അംഗങ്ങള്‍ വിചാരണവേളയില്‍ അറിയിച്ചു. ഗ്രാമസഭകേവലം ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുളള വേദി മാത്രമാണെന്ന അബദ്ധ ധാരണമൂലമാണ് ഈ വീഴ്ച സംഭവിച്ചതെന്ന് കമ്മീഷണര്‍ വിധിന്യായത്തില്‍ പറഞ്ഞു. അധികാര വികേന്ദ്രീകരണ പ്രക്രിയയില്‍ യഥാര്‍ത്ഥ ജനപങ്കാളിത്തം ഉറപ്പുവരുത്താനാണ് ഗ്രാമസഭകള്‍ക്ക് രൂപം നല്‍കിയത്. യഥാസമയം ഗ്രാമസഭവിളിക്കാത്തതുമൂലം പ്രാദേശിക ആസൂത്രണപ്രക്രിയയില്‍ പങ്കാളിയാവാനുളള അവസരം ജനങ്ങള്‍ക്ക് നിഷേധിക്കപ്പെടുകയാണെന്ന് കമ്മീഷണര്‍ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. രണ്ട് പഞ്ചായത്ത് ഭരണസമിതികളും പിരിച്ചുവിടുന്നതിനായി വിധിപ്രസ്താവത്തിന്റെ പകര്‍പ്പ് സര്‍ക്കാരിനു കൈമാറി.

No comments: