Wednesday, May 30, 2012

പഞ്ചായത്തുകള്‍ക്ക് ഇനി പഞ്ചവത്സര പദ്ധതി


   കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മാതൃകയില്‍ ത്രിതല പഞ്ചായത്തിനും പന്ത്രണ്ടാം പദ്ധതി മുതല്‍ പഞ്ചവത്സരപദ്ധതിയെന്ന നടപടിക്രമം അംഗീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ത്രിതല പഞ്ചായത്തുകളുടെ പദ്ധതി നിര്‍വഹണ നടപടികള്‍ ലഘൂകരിച്ചു. TAG (Technical Advisory Group) മൂലം പദ്ധതി അംഗീകരിക്കാനുള്ള കാലതാമസം കണക്കിലെടുത്ത് TAG വേണ്ടെന്നുവച്ചു. ഗ്രാമസഭകള്‍ നല്‍കുന്ന നിര്‍ദ്ദേശപ്രകാരം പഞ്ചായത്തുകള്‍ തന്നെ പദ്ധതി രൂപീകരിക്കും. ഓരോ പഞ്ചായത്തിലെയും ബന്ധപ്പെട്ട സാങ്കേതിക ഉദ്യോഗസ്ഥര്‍ ഇല്ലെങ്കില്‍ മാത്രം വിദഗ്ധ സമിതിയുടെ അഭിപ്രായം തേടാവുന്നതാണ്. സാങ്കേതിക അനുമതി നല്‍കിയതു സംബന്ധിച്ച് പരാതിയോ, ആക്ഷേപമോ ഉണ്ടെങ്കില്‍ ജില്ലാ പ്ളാനിങ് ഓഫീസര്‍, തദ്ദേശസ്വയംഭരണ ഡെപ്യൂട്ടി ഡയറക്ടര്‍, നഗരകാര്യ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന അപ്പലേറ്റ് അതോറിറ്റി പരാതികള്‍ കേട്ട് തീര്‍പ്പാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഡി.പി.സി. അംഗീകരിക്കും. പദ്ധതി ലഭിച്ചാല്‍ 20 ദിവസത്തിനകം ഡിപിസി അംഗീകാരം നല്‍കണം. ഡിപിസി അംഗീകരിച്ചുകഴിഞ്ഞാല്‍ വിശദമായ പദ്ധതി തയ്യാറാക്കലും പദ്ധതി നിര്‍വഹണ ചുമതലയും പഞ്ചായത്തുതന്നെ നിര്‍വഹിക്കും. മേഖലാ വിഭജനം നിലവിലുള്ള സെക്ടറല്‍ വിഭജനം വേണ്ടെന്നു വച്ചു. പ്ളാന്‍ ഫണ്ടിന്റെ 45 ശതമാനത്തില്‍ കവിയാത്ത തുക ജില്ലാ പഞ്ചായത്തും 55% കവിയാത്ത തുക നഗരസഭകളും പശ്ചാത്തല മേഖലയില്‍ ചെലവഴിക്കണം. ത്രിതല പഞ്ചായത്തുകള്‍ 10 ശതമാനത്തില്‍ കുറയാത്ത തുക ബലഹീനര്‍, അംഗവൈകല്യം വന്നവര്‍, വൃദ്ധര്‍ എന്നിവരുടെ ആവശ്യങ്ങള്‍ക്ക് മാറ്റിവയ്ക്കണം. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിനു നിലവിലുള്ള സ്ഥിതി തുടരും

No comments: