Monday, April 23, 2012

പശ്ച്ചാത്തല മേഘലയ്ക്ക് 40% തുക വിനിയോഗിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അനുവദിക്കും മന്ത്രി കെ.സി.ജോസഫ്

   അധികാര വികേന്ദ്രീകരണം അര്‍ത്ഥപൂര്‍ണമാകണമെങ്കില്‍ പഞ്ചായത്ത് സമിതിക്ക് പദ്ധതി നടത്തിപ്പില്‍ പൂര്‍ണ അധികാരം വേണമെന്ന് ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. ഇതിനായി ഈ വര്‍ഷം മുതല്‍ ടാക്-കള്‍ക്ക് പദ്ധതികളിന്മേലുള്ള നിയന്ത്രണാധികാരം എടുത്തുകളയുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഗ്രാമഭരണ-വികസന സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്ന കാര്യത്തില്‍ കൂടുതല്‍ സ്വാതന്ത്യ്രമനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹി സന്ദര്‍ശനവേളയില്‍ ഈ ആവശ്യം ഒരിക്കല്‍കൂടി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. അതേസമയം പദ്ധതികള്‍ സമയബന്ധിതമായും സുതാര്യമായും നടപ്പാക്കിയാല്‍ കേന്ദ്രസഹായം ലഭിക്കാന്‍ ഒരു തടസവുമുണ്ടാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പദ്ധതി നിര്‍വഹണം ഏതൊക്കെ രീതിയില്‍ ഫലപ്രമാക്കാന്‍ കഴിയുമെന്ന വ്യക്തമായ ധാരണ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കുണ്ടാവണം. അഴിമതിയാക്ഷേപം ഭയന്ന് പദ്ധതി നടപ്പാക്കലില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. നിലവില്‍ സേവനമേഖലയ്ക്ക് 40, പശ്ചാത്തലവികസനത്തിന് 30 ഉല്പാദനമേഖലയ്ക്ക് 30 എന്ന രീതിയിലാണ് ഫണ്ട് അനുവദിക്കുന്നത്. ഇത് യഥാക്രമം 35, 45, 20 എന്ന രീതിയിലാക്കണമെന്ന നിര്‍ദ്ദേശം ആസൂത്രണ കമ്മീഷന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്. അതേ സമയം പഞ്ചായത്തുകള്‍ക്ക് സ്വതന്ത്രമായി വിനിയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ 20 ശതമാനം ഫണ്ട് അനുവദിക്കണമെന്നതാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്തുകളിലെ ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധന വരുത്തുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

No comments: